വിനയം വിരിയും ആ പൂമുഖം ഇനി ഓർമകൾ മാത്രം ...
M T Shihabudheen Saquafi Writes.
ഞാൻ ഇത് എഴുതുമ്പോൾ എന്റെ പ്രിയപ്പെട്ട വാരിസ് സഖാഫി കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ നിശ്ചലനായി കിടക്കുകയാണ്. നാളെ ഈ നേരത്ത് എരഞ്ഞിമാവിലെ പളളിപ്പറമ്പിൽ ആറടി മണ്ണിലായിരിക്കും.
എസ്.എസ്.എഫ് എന്ന മൂന്നക്ഷരങ്ങൾ കുന്ദമംഗലം ഡിവിഷൻ എന്ന ലേബലിൽ ഞങ്ങൾ പത്തിരുപത് പേരെ ചേർത്തിയിരുത്തിയപ്പോൾ സ്നേഹത്തിന്റെ ഒരു ഗോപുരം തന്നെയായിരുന്നു ഞങ്ങൾ പണിതുയർത്തിയത്. ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ജീവിച്ചപ്പോൾ ഒരു മനസോടെ പ്രവർത്തിച്ചപ്പോൾ നാഥൻ ആ കൂട്ടായ്മക്ക് ബറകത്ത് നൽകി. അനേകം പുതിയ പ്രവർത്തകരുണ്ടായി. യൂണിറ്റുകളും സെക്ടറുകളുമെല്ലാം സജീവമായി. മികച്ച പ്രവർത്തനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അവാർഡ് ലഭിച്ചു.
എന്നും ഓർക്കാനിഷ്ടപ്പെടുന്ന ആ കാലത്ത് വാരിസ് സഖാഫി ഉണ്ടായിരുന്നു കൂടെ. രണ്ടു വർഷം വൈസ് പ്രസിഡണ്ടായി.രണ്ടു വർഷം ട്രഷററായി. മധുരിക്കുന്ന കുറേ ഓർമകൾ. മീറ്റിംഗുകൾ, യാത്രകൾ, ക്യാമ്പുകൾ, വാഹന ജാഥകൾ, മീലാദ് സമ്മേളനങ്ങൾ.... എല്ലാറ്റിനും ചിരിയുടെ മനോഹാര്യതയും പ്രവർത്തനത്തിന്റെ കരുത്തുമായി വാരിസ് സഖാഫി ഉണ്ടായിരുന്നു.
ഒരു മീറ്റിംഗിൽ അദ്ദേഹം പറഞ്ഞു.
വീട്ടിൽ ഒരു തമാശയുണ്ടായി. ഞാനും ഭാര്യയും തമ്മിലുള്ള പിണക്കം തീർക്കാൻ വീട്ടിൽ കാരണവൻമാർ സംഘടിച്ചു വന്നു. എന്താണ് കാര്യമെന്നോ? ആഴ്ചയിൽ ഒരു ദിവസമാണ് മഅദിനിൽ നിന്ന് നാട്ടിൽ വരുന്നത്. വന്നാൽ ഉടനെ സംഘടനാ കാര്യങ്ങളുമായി എവിടെയെങ്കിലും പോകാനുണ്ടാകും. വീട്ടിൽ തിരിച്ചെത്തുമ്പോൾ വൈകും. രാവിലെ വീണ്ടും മലപ്പുറത്തേക്ക് പോകാനുണ്ടാകും. വീട്ടിൽ വന്ന ഉടനെ പുറത്ത് പോകുന്നതും വൈകി തിരിച്ച് വരുന്നതുമെല്ലാം കണ്ട് ആരോ ധരിച്ചു ഭാര്യയുമായി പിണക്കമാണെന്ന്. അത് തീർക്കാനുള്ള ഇടപെടലാണ്. സത്യമറിഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.
ഏതായാലും ഇനി ഒരു മീറ്റിംഗിനും നിങ്ങളുണ്ടാകില്ലല്ലോ ഉസ്താദേ. നാളെ സ്വർഗത്തിൽ നമുക്കൊരു ഡിവിഷൻ കമ്മിറ്റി കൂടണം. നാഥൻ തുണക്കട്ടെ

Comments
Post a Comment